Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂരും കാസർഗോഡും തിങ്കളാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ചൊവ്വാഴ്ച കോഴിക്കോടും കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ടാണ്. വരുംദിവസങ്ങളിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
National
മുംബൈ: മുംബൈ ദാദറിലെ മീനാതായി ഫ്ലവർ മാർക്കറ്റിൽ ശനിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻമരം കടപുഴകി വീണു. പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് മാർക്കറ്റ് കെട്ടിടത്തിന് വൻനാശനഷ്ടങ്ങൾ സംഭവിച്ചു.
കച്ചവടമില്ലാത്ത സമയത്ത് അപകടമുണ്ടായതിനാൽ ആർക്കും പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതൽ നടപടിയെന്ന നിലയിൽ മാർക്കറ്റിലേക്കുള്ള വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിച്ചു. മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിലെ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മഴ കനത്തെങ്കിലും നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ നിലവിൽ സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്.
National
ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ കനത്ത മഴയിൽ മൂന്നുപേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു.
കനത്ത മഴയിൽ ഏകദേശം 1,527 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. മൂന്ന് വൈദ്യുതി ട്രാൻസ്ഫോർമറുകളും 23 കുടിവെള്ള പദ്ധതികളും തടസപ്പെട്ടു.
കിന്നൗർ ജില്ലയിലെ ചോളിംഗിന് സമീപം മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചിരുന്ന ഹിന്ദുസ്ഥാൻ-ടിബറ്റ് റോഡ് തുറന്നു. ചമ്പ ജില്ലയിലെ ഭർമ്മൗർ സബ് ഡിവിഷനിൽ കുടുങ്ങിക്കിടന്ന 24 തീർഥാടകരെ രക്ഷപ്പെടുത്തി.
ജുബ്ബാർഹട്ടിയിൽ 43.5 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ജൂലൈ നാല്, അഞ്ച് തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
National
മുംബൈ: കനത്തമഴയെ തുടർന്ന് മുംബൈ പാൽഘറിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു. അയ്യപ്പക്ഷേത്രത്തിന് സമീപം അഗ്രിപാഡ ചാളിൽ താമസിക്കുന്ന കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യ റാബിയ (47) ആണ് മരിച്ചത്.
സംസ്കാരം ഇന്നു പനയങ്ങാട് ജുമ മസ്ജിദ് കബർസ്ഥാനിൽ നടത്തും. മക്കൾ: അൽഫിയ, ഇർഫാൻ.
National
ഡെറാഡൂൺ: കാലവർഷം ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ വൻ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മലയിടിച്ചിലിലും അറുപതിലധികം റോഡുകൾ പൂർണമായും തടസപ്പെട്ടു. റോഡുകളിലെ മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും, തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് വലിയ തടസം സൃഷ്ടിക്കുന്നു.
രുദ്രപ്രയാഗിൽ പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് അളകനന്ദ നദിയിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതയിലാണ്. നദീതീരങ്ങളിൽ താമസിക്കുന്നവരോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി.
ബാഗേശ്വരിലെ ഗരുഡിൽ 68 മില്ലിമീറ്ററും ഡെറാഡൂണിൽ 65 മില്ലിമീറ്ററും ചമ്പാവത്തിലും ബൻബാസയിലും 61 മില്ലിമീറ്ററും മുസ്സൂറിയിൽ 52 മില്ലിമീറ്ററും സോമേശ്വറിൽ 36 മില്ലിമീറ്ററും നരേന്ദ്ര നഗറിൽ 34 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡെറാഡൂൺ, ബാഗേശ്വർ, നൈനിറ്റാൾ, പൗരി, തെഹ്രി എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എല്ലാ ജില്ലകൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകി.
National
മുംബൈ: മുംബൈയിലും സമീപപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ 200 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെ തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴ നഗരജീവിതത്തെ സാരമായി ബാധിച്ചു. ആഴ്ചകളായി തുടരുന്ന കനത്ത ചൂടിൽ മഴ ആശ്വാസമാകേണ്ടിയിരുന്നുവെങ്കിലും വെള്ളക്കെട്ടിന്റെയും ഗതാഗതാക്കുരുക്കിന്റെ പ്രതിസന്ധിയിലാണ്.
കനത്ത മഴയെ തുടർന്ന് നഗരത്തിലെ പല റോഡുകളിലും വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. യാത്രക്കാർക്ക് ഗതാഗതം ദുഷ്കരമായതോടെ നിരവധി വാഹനങ്ങൾ വെള്ളത്തിൽ ഭാഗികമായി മുങ്ങി.
താനെ, പൽഘർ, റായ്ഗാഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇതേതുടർന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ രണ്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരും.
Kerala
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച (01-07-26) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ മൂന്ന് ദിവസം തുടർച്ചയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴയ്ക്കുള്ള സാധ്യത ഉള്ളതിനാലും ആണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. കാസർകോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രവചിച്ചിരിക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും ആണ് അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (ജൂലൈ 1 ബുധൻ) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.
കോളജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ - കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലകൊള്ളുന്നതും വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാതച്ചുഴി തുടരുന്നതുമാണ് കേരളത്തിലെ മഴ മുന്നറിയിപ്പിന് കാരണം.
കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പ്.
National
ദിസ്പൂർ: അസമിൽ കനത്ത മഴ. ആറ് ജില്ലകളിലായി 22,000 ത്തിലധികം ആളുകളെ മഴക്കെടുതി ബാധിച്ചു. 96 ഗ്രാമങ്ങളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്.
ധേമാജി ജില്ലയിൽ റെയിൽവേ പാലത്തിന്റെ ഭാഗം തകർന്നുവീണു. ഇത് പ്രദേശത്തെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ധേമാജി, നൽബാരി, ദിബ്രു ഗഡ്, ചിരാഗ്, ലഖിംപൂർ, കൊക്രാജാർ ജില്ലകളെയാണ് മഴക്കെടുതി ബാധിച്ചത്. ഇതിൽ 15,483 പേർ ദുരിതത്തിലായ ധോമാജി ജില്ലയിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രശ്നബാധിത മേഖലകളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പ്രതികരിച്ചു.
ഏകദേശം 1,690 ഹെക്ടർ വിളകൾ മഴക്കെടുതിയിൽ നശിച്ചു. തുടർച്ചയായ മഴയെത്തുടർന്ന് ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും കരകവിഞ്ഞൊഴുകുകയാണ്. ശിവസാഗർ ജില്ലയിലെ നംഗ്ലമുരഘട്ടിൽ ദിസാങ് നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. കൂടാതെ 48,199 തോളം വളത്തുമൃഗങ്ങളെയും പ്രളയം സാരമായി ബാധിച്ചു.
അയൽസംസ്ഥാനമായ അരുണാചൽ പ്രദേശിലും കനത്ത മഴയെത്തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകൾക്കും പാലങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിൽ സംസ്ഥാനത്ത് തീവ്രമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റീമീറ്റർ മുതൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മറ്റു ജില്ലകളിൽ ഇന്നും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തൃശൂർ, പാലക്കാട് ജില്ലകളിൽ ചൊവ്വാഴ്ചയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും വയനാട് ജില്ലയിൽ ചൊവ്വാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും തിരുവനനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
National
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ലോവർ സുബാൻസിരി ജില്ലയിൽ ശക്തമായ പെയ്ത മഴയിൽ വൻ നാശനഷ്ടം. കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മൂന്നുപേരെ കാണാതായി.
കനത്ത മഴയിൽ നദികളിലെ ജലപ്രവാഹം അപകടകരമാംവിധം ഉയർന്നതിനെത്തുടർന്ന് പന്യാർ ലോവർ ഹൈഡ്രോഇലക്ട്രിക് പ്രോജക്ടിലെ സ്പിൽവേ ഗേറ്റ് അധികൃതർ തുറന്നുവിട്ടു. ഇതോടെ, യാസാലി സർക്കിളിന് കീഴിലുള്ള പൂസക്ക് സമീപമുള്ള നീപ്കോ പ്രോജക്ട് കോളനിയിൽ നിർമാണത്തിലിരുന്ന സംരക്ഷണ ഭിത്തി തകർന്നത് പ്രളയത്തിന് കാരണമായി. വെള്ളം കുത്തിയൊലിച്ച് കോളനിയിലും പരിസരത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. 18 വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. ധേമാജി, ലഖിംപുർ, ബിശ്വനാഥ്, സോനിത്പുർ ജില്ലകളിൽ ജലപ്രവാഹം നാശം വിതക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. അയൽസംസ്ഥാനമായ ആസാമിലെ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
National
മുംബൈ: മുംബൈയിൽ കനത്ത മഴ തുടരുന്നു. ചൊവ്വാഴ്ച രാത്രി മുതൽ പെയ്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെ നഗരത്തിലെ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച പുലർച്ചെ നാലിന് മുംബൈയിലും പാൽഗറിലും മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
പിന്നീട് രാവിലെ ഏഴിന് ഈ മുന്നറിയിപ്പ് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ടായി കുറച്ചു. രാത്രി മുഴുവൻ പെയ്ത മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു.
കനത്ത മഴയെ തുടർന്ന് തുർബെ കോപ്പർഖൈറനെ ട്രാൻസ് ഹാർബർ റെയിൽ പാതയിൽ ട്രാക്കിന് താഴെയുള്ള മണ്ണ് ഒലിച്ചുപോയതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അന്ധേരിയിലെ അണ്ടർപാസും വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിരിക്കുകയാണ്. വെള്ളത്തിൽ മുങ്ങിയ അണ്ടർപാസ് മുറിച്ചുകടക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അപകടത്തിൽപ്പെട്ടു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വെള്ളി, ശനി ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളിലും എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കാലവര്‍ഷത്തില്‍ ഇന്നലെ വരെ സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാങ്കുളം, മലപ്പുറം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഈ മാസം അവസാനത്തോടേ കാലവർഷം മെച്ചപ്പെടാൻ സാധ്യയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്.
സംസ്ഥാനത്ത് ഈ വർഷം കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. സംസ്ഥാനത്തെ മറ്റു ജില്ലകളിലും ശരാശരി മഴയെക്കാൾ കുറവാണ് ലഭിച്ചത്.ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലും ഇടുക്കിയിലുമാണ്.
District News
മട്ടന്നൂർ: കനത്ത മഴയിൽ മതിൽ തകർന്നു. ഇരുനില വീട് അപകടാവസ്ഥയിലായി. മട്ടന്നൂർ ഗവ. ആശുപത്രിക്കു സമീപത്തെ പി.എ. ഷമീദിന്റെ വീടാണ് അപകട ഭീഷണിയിലായത്. വീടിനു സമീപത്തെ കൂറ്റൻ മതിലാണ് ഇന്നലെ പുലർച്ചെ 4.30 ഓടെ തകർന്നത്. ശബ്ദം കേട്ടു വീട്ടുകാർ എഴുന്നേറ്റപ്പോഴാണു തകർന്നത് കണ്ടത്.
വീടിന്റെ അടുക്കള ഭാഗമടക്കം തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. വാട്ടർ പൈപ്പുകളടക്കം തകർന്നു. വിവരമറിഞ്ഞ് മട്ടന്നൂർ അഗ്നിരക്ഷാസേനയും കോളാരി വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. വീടിന്റെ അടുക്കള ഭാഗത്തുള്ള കൂറ്റൻ മതിലാണു തകർന്നത്. ചെങ്കല്ല് ഉപയോഗിച്ച് കെട്ടിയ 10 മീറ്ററോളം ഉയരത്തിലുള്ള മതിലാണു തകർന്ന് വീട് അപകടഭീഷണിയിലായത്. രണ്ടുമാസം മുമ്പാണ് സമീപത്തെ സ്ഥലം ഉടമകൾ മണ്ണിടിച്ച് മതിൽ കെട്ടിയതെന്നു വീട്ടുകാർ പറയുന്നു.
Kerala
തിരുവനന്തപുരം: മഴയെ തുടർന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ജില്ലയിലെ ഏക ജലസേചന അണക്കെട്ടായ നെയ്യാർഡാം തുറന്നു. ഇന്ന് രാവിലെയാണ് ഡാമിന്റെ നാല് സ്പിൽവേ ഷട്ടറുകളും 20 സെമീ വീതം തുറന്നത്.
ജലനിരപ്പ് താണില്ലെങ്കിൽ ഷട്ടറുകൾ വൈകുന്നേരം അല്പം കൂടി ഉയർത്തും. ഇപ്പോൾ അണക്കെട്ടിൽ 84.220 മീറ്റർ വെള്ളമാണുള്ളത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 84.750 മീറ്ററാണ്.
വനത്തിൽ നല്ല മഴയാണ് പെയ്തത്. ഇപ്പോഴും ഉൾവനത്തിൽ മഴ പെയ്യുന്നുണ്ട്. നെയ്യാർ അണക്കെട്ടിലേക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, ഉൾപ്പെടുള്ള വലിയ നദികളിലും ചെറു നദികളിലും നല്ല ജലപ്രവാഹമാണുള്ളത്. കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ അധികാരികൾ അറിയിച്ചു.
Kerala
തിരുവനന്തപുരം: തുടർച്ചയായ മഴയെ തുടർന്ന് നെയ്യാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലർട്ടിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് രാവിലെ 10 മണിക്ക് 20 സെന്റിമീറ്റർ വീതം ഉയർത്താൻ തീരുമാനിച്ചു.
ജില്ലയിൽ മഴ മുന്നറിയിപ്പ് തുടരുന്നതിനാലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡാമിന് സമീപമുള്ള പ്രദേശങ്ങളിലെയും നെയ്യാർ നദിയുടെ ഇരുകരകളിലെയും താമസക്കാർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
ഷട്ടറുകൾ ഉയർത്തുന്നതോടെ നദിയിലേക്കുള്ള ജലപ്രവാഹം വർധിക്കാനിടയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. എറണാകുളത്തും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
District News
പേരൂര്‍ക്കട: തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി പെയ്ത ശക്തമായ മഴയിലും കാറ്റിലും വ്യാപകമായി മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കാലടി, തളിയല്‍, എം.എസ്.കെ നഗര്‍, ശ്രീവരാഹം, കളിപ്പാന്‍കുളം, മ്യൂസിയം, നന്തന്‍കോട് എന്നിവിടങ്ങളിലാണ് തണല്‍മരങ്ങള്‍ വീട്ടിലേക്കും റോഡിലേക്കും ഇലക്ട്രിക് ലൈനിലേക്കും വീണത്.
മണക്കാട് ഭാഗത്താണ് ഏറ്റവും കൂടുതല്‍ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നത്. ഏകദേശം 10 വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയോ വീടുകള്‍ക്കു മുകളിലേക്ക് മരം വീഴുകയോ ചെയ്തിട്ടുണ്ട്. മണക്കാട് കളിപ്പാന്‍കുളം സ്വദേശി രാജലിംഗത്തിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി ഇളകി അടുത്തവീട്ടിലേക്കു മറിഞ്ഞ നിലയിലാണ്. മണക്കാട് പൊയ്യാനിയില്‍ എന്‍.എന്‍.പിള്ളയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
മണക്കാട് ഗവ. സ്കൂളിനു സമീപം കൂറ്റന്‍ തണല്‍മരത്തിന്റെ ചില്ലകള്‍ റോഡിലേക്ക് വീണത് മണിക്കൂറുകള്‍ എടുത്താണ് മുറിച്ചുനീക്കിയത്. തിരുവനന്തപുരം നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ പ്രേംകുമാര്‍, ബിനോയ് വിശ്വം എന്നിവരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ബിനുമോന്, ഷഹീര്‍, സാജന് സൈമണ്‍, സുജിത്ത് എസ്. കുമാര്‍, പ്രവീണ്‍, വിജിന്, സജന് എന്നിവര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
മരം കടപുഴകി റോഡിലേക്ക് വീണു
നെയ്യാറ്റിന്‍കര: ബാലരാമപുരം- നെയ്യാറ്റിന്‍കര പാതയില്‍ ആറാലുംമൂടിനു സമീപം മരം മറിഞ്ഞ് റോഡിലേയ്ക്ക് വീണു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ആറാലുംമൂടിനു സമീപത്തെ പുരയിടത്തിലെ മരം കടപുഴകി റോഡിലേക്ക് വീണത്. റോഡില്‍ കാല്‍നടയാത്രക്കാരോ വാഹനങ്ങളോ ഇല്ലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
വീട് അപകടാവസ്ഥയിൽ
വെള്ളറട: ഗ്രാമപഞ്ചായത്തില്‍ പന്നിമല വാര്ഡിലെകളത്തൂര് അരുണാചലം വീട്ടില്‍ മുരുകന്റെ ഇരുനില വീടിനു സമീപത്തെ കല്ലുകെട്ട് മഴയിൽ തകര്‍ന്നു. വില്ലേജ് അധികൃതര്‍ക്കും ഗ്രാമപഞ്ചായത്തിനും പരാതിനല്‍കിയിട്ടുണ്ട്.വീടിന് സമീപമുളള് കിണറുംഅപകടാവസ്ഥയിലാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലാണ് കനത്ത മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
നാളെയും ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് നാളെ കൂടി തുടരും.
District News
ചെറുപുഴ: ഇന്നലെ ഉച്ചയോടെ ഉണ്ടായ കനത്ത മഴയിൽ വീടിന്റെ മുറ്റം ഇടിഞ്ഞു. വീടിനു വിള്ളൽ വീണു. തിരുമേനി മുതുവംപാടിയിലെ പ്ലാത്തോട്ടത്തിൽ ആഗസ്തിയുടെ വീടിന്റെ മുറ്റമാണ് ഇടിഞ്ഞത്.
മുറ്റത്തുണ്ടായിരുന്ന രണ്ട് കമുക് ഉൾപ്പെടെ കെട്ട് ഇടിഞ്ഞുവീഴുകയായിരുന്നു. അടുക്കളയുടെ ഭാഗത്തുള്ള ശുചിമുറിയുടെ കെട്ട് ഭിത്തിയിൽ നിന്നു വേർപെട്ട നിലയിലാണ്. വീടിന്റെ മുഴുവൻ ഭിത്തിയിലും വിള്ളൽ വീണിട്ടുണ്ട്.
District News
നെടുമങ്ങാട്: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. 20 സെന്റീമീറ്റർ വീതം ആകെ 80 സെന്റീമീറ്ററാണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്.
നദീതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. മഴ തുടർന്നാൽ ഷട്ടറുകൾ ഇനിയും ഉയർത്തും. പേപ്പാറ അണക്കെട്ടിൽ നിലവിൽ 103.5 മീറ്റർ ജലനിരപ്പാണുള്ളത്. മഴ കനത്ത് ജലനിരപ്പ് 105.5 കൂടുതലായാൽ പേപ്പാറ അണക്കെട്ടിന്റെയും ഷട്ടറുകൾ ഉയർത്തും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റുള്ള 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Kerala
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിൽ രാത്രിയാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ വൈകുന്നേരം ഏഴു മുതൽ രാവിലെ ആറുവരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയന്ത്രണം. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
District News
വാടാനപ്പിള്ളി: കനത്ത മഴയിൽ വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ നടുവിൽക്കര തെക്കൻ മേഖല മുങ്ങിയതോടെ പ്രതിഷേധവുമായി വീട്ടമ്മമാർ രംഗത്തിറങ്ങി. ഇതോടെ പഞ്ചായത്ത് ഇടപെട്ട് കാനകോരി. വെള്ളം ഒഴുകിപ്പോകാൻ കാനകൾ ഉണ്ടാക്കാതെ പുതിയ ദേശീയപാത നർമാണം നടത്തിയതാണ് മഴയിൽ കനത്ത വെള്ളക്കെട്ടിന് കാരണമായത്.
പാടവും മുട്ടുകായലുംതോടുകളും നികത്തിയാണ് പുതിയ 66 ദേശീയ പാത നിർമിച്ചത്. മഴയിൽ ഒഴുകിവരുന്ന വെള്ളം തോടുകൾ വഴി കനോലി പുഴയിലാണ് വന്നുചേർന്നിരുന്നത്. തോടുകൾ അടച്ചതോടെയാണ് വെള്ളം ഒഴുകി പോകാൻ കഴിയാതെ പ്രദേശം വെള്ളത്തിലാകാൻ കാരണമായത്.
നടുവിൽക്കരയിലേയും ദേശീയ പാതയോരത്തേയും 50 ലധികം വീടുകളാണ് വെള്ളത്തിലായത്. വീടിനുള്ളിലേക്ക് വെള്ളം കയറുമെന്ന അവസ്ഥയാണ്. വെള്ളത്തിന് കറുത്ത നിറമാണ്. വെള്ളം ചവിട്ടുന്നതോടെ പലർക്കും ചൊറിച്ചിലാണ്. രോഗ ഭീഷണിയുമുണ്ട്. മഴ ഇനിയും കനത്താൽ നിരവധി വീടുകൾ വെള്ളത്തിലാകുമെന്ന അവസ്ഥയാണ്.
വെള്ളംകയറി കുടുംബങ്ങൾ ദുരിതത്തിലായതോടെയാണ് സിന്ധു, ഷൈലജ, ഷീല, സീനത്ത്, കോമള എന്നിവരുടെ നേതൃത്വത്തിൽ വീട്ടമ്മമാരടക്കം നാട്ടുകാരും വാർഡ് അംഗം എം.എസ്. സുജിത്തും രംഗത്തിറങ്ങിയത്.
വാർഡ് അംഗം ഇടപെട്ടതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രണ്ട് ജെസിബി കൊണ്ടുവന്ന് മഴയത്തും വെള്ളം ഒഴുകിപ്പോകാൻ വീട്ടമ്മമാരുടേയും വാർഡ് അംഗത്തിന്റെയും സാന്നിധ്യത്തിൽ കാന കോരുകയായിരുന്നു. വെള്ളം ഒഴുക്കിവിടാൻ ഒരു കിലോമീറ്ററോളം ദൂരത്തിൽ കാന കോരേണ്ട അവസ്ഥയാണ്. ദേശീയ പാത നിർമാണത്തിന് മുമ്പ് ശാസ്ത്രീയമായ രീതിയിൽ കാന നിർമിക്കാതിരുന്നതാണ് വെള്ളം ഒഴുകി പ്പോകാതെ കനത്ത വെള്ളക്കെട്ടിന് കാരണമെന്നും കഴിഞ്ഞ മൂന്നു വർഷമായി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ്് ഐ.എൻ സുധീഷ്, വൈസ് പ്രസിഡന്റ്് ഹേമലത പ്രതാപൻ, ഒന്നാം വാർഡ് അംഗം സുദർശൻ എന്നിവരും സ്ഥലം സന്ദർശിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ മുതൽ കാസർകോട് വരെ ഓറഞ്ച് അലർട്ടും ഇടുക്കി മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്കും തുടരും. മഴ ശക്തമായതോടെ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിശക്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്താകെ ഇന്നലെ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്.
District News
കാസർഗോഡ്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച ഇന്നലെ ജില്ലയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായി. രാവിലെ ഒമ്പതോടെ തുടങ്ങിയ മഴ മിക്കയിടങ്ങളിലും വൈകിട്ട് വരെ നീണ്ടു. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രണ്ടു കുട്ടികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനൊപ്പം മതിലിടിഞ്ഞും മരങ്ങൾ കടപുഴകി വീണും അങ്ങിങ്ങ് അപകടങ്ങളുണ്ടായി. ഇന്നും ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കാസർഗോഡ് മധൂർ ക്ഷേത്രത്തിനു സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കു മുകളിൽ മരം കടപുഴകി വീണു. രണ്ടു സ്കൂട്ടറുകൾക്കും ഒരു വാനിനും സാരമായ കേടുപാടുകൾ പറ്റി. കാസർഗോഡ് നിന്ന് അസി. സ്റ്റേഷൻ ഓഫീസർ ടി. സുകുമാരന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ചു നീക്കിയത്.
ശക്തമായ മഴയിൽ കല്യാൺ റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് റോഡിലേക്കു വീണു.
ദേശീയപാതയിലും സമീപത്തെ പോക്കറ്റ് റോഡിലുമായാണ് കല്ലുകൾ പതിച്ചത്. ഈ സമയത്ത് ദേശീയപാതയിലൂടെ പോവുകയായിരുന്ന സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. ബളാൽ കല്ലംചിറ സ്വദേശികളായ പ്രിയേഷ് ജോർജ് (33), വിഷ്ണു (20) എന്നിവർക്കാണ് കൈയിലും കാലിലും പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഹൊസ്ദുർഗ് സിഎസ്ഐ പള്ളിയുടെയും മതിലിടിഞ്ഞ് റോഡിലേക്കു വീണിരുന്നു.
പനയാൽ വില്ലേജിലെ തോക്കാനത്ത് കുന്നൂച്ചി-ചെർക്കപ്പാറ റോഡിലേക്ക് മതിലിടിഞ്ഞുവീണു. റോഡിൽ വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഉപ്പള കൈക്കമ്പയിലെ ഖാലിദിന്റെ വീടിനു മുകളിലേക്ക് മതിലിടിഞ്ഞു. ആർക്കും പരിക്കില്ല.
പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞു
പാണത്തൂർ: ശക്തമായ മഴയിൽ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു. മതിലിനോട് ചേർന്നുനിന്നിരുന്ന മരം ആശുപത്രി വളപ്പിലെ പാലിയേറ്റീവ് സെന്ററിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുകയാണ്. മതിൽ ഏറെനാളായി കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇടിഞ്ഞുവീഴുമ്പോൾ തൊട്ടടുത്ത് ആളുകളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ്, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.ബി. രതീഷ്, പഞ്ചായത്തംഗങ്ങളായ റീന തോമസ്, പ്രസീത റാണി, എം. ഷിബു, സ്പെഷൽ വില്ലേജ് ഓഫീസർ ഗണേഷ് ഷേണായ് എന്നിവർ സ്ഥലം സന്ദർശിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ശ്രവ്യ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജു, സിനി സെബാസ്റ്റ്യൻ, എച്ച്എംസി അംഗങ്ങളായ മൈക്കിൾ പൂവത്താനി, എം. അബ്ബാസ് എന്നിവരും പങ്കെടുത്തു.
പെരിയയിൽ സർവീസ് റോഡുകൾക്കൊപ്പം ദേശീയപാതയിലും വെള്ളം കയറി
പെരിയ: കനത്ത മഴയിൽ ജില്ലയിലുടനീളം സർവീസ് റോഡുകൾ വെള്ളത്തിനടിയിലായതിനൊപ്പം പെരിയ മുതൽ മൈലാട്ടി വരെയുള്ള ഭാഗത്ത് ആറുവരി ദേശീയപാതയിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പാതയുടെ നിർമാണം ഏതാണ്ട് പൂർത്തിയാവാറായിട്ടും മഴവെള്ളം ഒഴുകിപ്പോകാൻ കൃത്യമായി വഴിയില്ലാത്തതാണ് പ്രശ്നമായത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിൽ വെള്ളക്കെട്ടിനിടയിൽ റോഡ് തിരിച്ചറിയാനാകാതെ വാഹനയാത്രക്കാർ വലഞ്ഞു. പെരിയ ബസാറിലെ അടിപ്പാതയും മുങ്ങിയ നിലയിലാണ്.
ദേശീയപാതയിൽ നിന്ന് വെള്ളം താഴേക്കു പതിക്കുന്നതിനായി നിർമിച്ച ദ്വാരങ്ങളുടെ വലിപ്പം കുറവായതും ഉള്ളവ മണ്ണും മാലിന്യങ്ങളും നിറഞ്ഞ് അടഞ്ഞുപോയതുമാണ് ആറുവരിപ്പാതയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയത്. മറ്റിടങ്ങളിൽ ദേശീയപാതയിൽ നിന്നുള്ള വെള്ളമുൾപ്പെടെ സർവീസ് റോഡിലേക്കു പതിച്ചതോടെ സർവീസ് റോഡുകൾ പുഴ പോലെയായി.
Kerala
കാസർഗോഡ്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്.
ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം.
ചെങ്കൽ മതിലാണ് കുട്ടികളുടെ ദേഹത്തേക്ക് വീണത്. ഒരു കുട്ടി തൽക്ഷണവും മറ്റൊരു കുട്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴുമാണ് മരിച്ചത്. രാവിലെ മുതൽ കാസർഗോഡ് കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
പ്രഫഷണൽ കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല / പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഒൻപത് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
District News
കോട്ടയം: ജില്ലയില്‍ കാലവര്‍ഷം ശക്തമായി. വ്യാഴം രാത്രി തുടങ്ങിയ ശക്തമായ മഴ ഇന്നലെ ഉച്ചയോടെയാണ് തോര്‍ന്നത്. വൈകുന്നേരത്തോടെ വീണ്ടും മഴ ആരംഭിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമായതോടെ മഴക്കെടുതിയും വര്‍ധിച്ചു. അതിരമ്പുഴയില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു.
കോട്ടയത്തിനു സമീപം മള്ളൂശേരിയില്‍ മതിലിടിഞ്ഞു വീണു. ശക്തമായ മഴ മലയോര മേഖലയില്‍ ഉള്‍പ്പെടെ തുടരുന്നതോടെ ജലസ്രോതസുകളിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍ നിറഞ്ഞു. രണ്ടിടങ്ങളിലും കിഴക്കന്‍ വെള്ളത്തിന്റെ വരവ് തുടരുകയാണ്.
അപകട സാഹചര്യങ്ങളില്ലെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. മരങ്ങള്‍ വീണും പോസ്റ്റുകള്‍ തകര്ന്നുമുണ്ടാകുന്ന അപകടങ്ങളും ശ്രദ്ധിക്കണം.
മലയോരമേഖലയില്‍ ശക്തമായ മഴയാണ് രണ്ടു ദിവസമായി പെയ്തത്. തീക്കോയി-വാഗമണ്‍ റോഡില്‍ പലയിടത്തും ചെറിയ മണ്ണിടിച്ചിലുണ്ടായി. കെ.കെ. റോഡില്‍ പെരുവന്താനത്തിനു സമീപം കൂറ്റന്‍ പാറകള്‍ റോഡിലേക്ക് വീണിരുന്നു. വന്‍ മരങ്ങളും നിലംപൊത്തി. വാഗമണ്‍, കുട്ടിക്കാനം, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ പ്രദേശങ്ങളില്‍ മഴയ്ക്കു ശേഷം ശക്തമായ കോടമഞ്ഞുമുണ്ട്.
മഴക്കാലത്ത് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോരമേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ ഭരണ കൂടം നിര്‍ദേശിച്ചിട്ടുണ്ട്. ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുന്നയിടങ്ങളില് വാഹനം ഓടിക്കരുത്. താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.
വീടിന്റെ മേൽക്കൂര തകർന്നുവീണു
അതിരമ്പുഴ: ബുധനാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു വീണു. നാൽപാത്തിമലയിൽ ജോൺസൺ ജോസഫ് കൂട്ടുമമ്പറമ്പിലിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞിരംകാലായിൽ വിനോയ് മാത്യു (38), ഭാര്യ ടിനു തോമസ് (36), മകൻ ഏബൽ വിനോയ് (9) എന്നിവർക്ക് പരിക്കേറ്റു.
അപകട സമയത്ത് ബിനോയിയും ഭാര്യയും രണ്ട് കുട്ടികളും വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര ഒന്നടങ്കം താഴേക്ക് പതിക്കുകയായിരുന്നു. കമ്പികളും ഷീറ്റുകളും ഉൾപ്പെടെ തകർന്നു വീണതോടെ ബിനോയിയും കുടുംബവും മുറിക്കുള്ളിൽ കുടുങ്ങിപ്പോയി. ഒരു മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് ഇവർക്ക് പുറത്തുകടക്കാൻ സാധിച്ചത്.
മള്ളൂശേരിയില്‍ മതില് ഇടിഞ്ഞു
കോട്ടയം: കനത്ത മഴയില്‍ മള്ളൂശേരിയില്‍ മതില് ഇടിഞ്ഞുവീണു. മള്ളൂശേരി സ്വദേശിനി അമ്പിളിയുടെ വീടിനു മുന്നിലേക്കാണ് ഇരുപതടിയോളം ഉയരമുള്ള മതില്‍ക്കെട്ടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. കണ്ടത്തില്‍ ജെ. സിംസണ്‍, സഹോദരന് ജെ. സിസില്‍ എന്നിവരുടെ വീടിനു പുറകുവശം കെട്ടിയിരുന്ന മതില്ക്കെട്ടാണു കനത്ത മഴയില്‍ ഇടിഞ്ഞുവീണത്. വ്യാഴം രാവിലെ 9.30നായിരുന്നു അപകടം.
അപകടസമയം സമീപത്തെ വീടിന്റെ മുറ്റത്തുണ്ടായിരുന്ന അമ്പിളി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനവും തകര്‍ന്നു. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ മതിലിടിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കിയ ഭാഗമാണു വീണ്ടും തകര്‍ന്നത്. സിംസന്റെയും സിസിലിന്റെയും വീടുകള്‍ക്കുനേരേ നില്ക്കുന്ന മതില്‍ക്കെട്ടിന്റെ ബാക്കി ഭാഗം ഇപ്പോഴും അപകടാവസ്ഥയിലാണ്. കനത്ത മഴ തുടരുന്നതിനാല്‍ അപകടസാധ്യത കണക്കിലെടുത്ത് വീട്ടുകാര്‍ ഒഴിഞ്ഞുപോകാനുള്ള തയാറെടുപ്പിലാണ്.
വെള്ളത്തില്‍ കളി വേണ്ട
മഴക്കാലമായതോടെ കുട്ടികളുടെ യാത്രാവേളകളിലും കളികളിലും കൃത്യമായ മുന്‍കരുതലുകള്‍ വേണം. രക്ഷിതാക്കളും സ്കൂള്‍ അധികൃതരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മഴ പെയ്യുമ്പോള്‍ ജലവ്യതിയാനം തിരിച്ചറിയാതെ കുട്ടികള്‍ കുളിക്കാനും മീന്‍പിടിക്കാനും പുഴകളില്‍ ഇറങ്ങുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
കുട്ടികള്‍ പുഴകളിലോ സമീപത്തെ തോടുകളിലോ ഇറങ്ങുന്നത് ഒഴിവാക്കണം. വഴിയരികിലെ വെള്ളക്കെട്ടുകള്‍ സൂക്ഷിക്കണം. പാലങ്ങളിലെ കാഴ്ചയും സെല്‍ഫിയും ഒഴിവാക്കണം. വൈദ്യുതി ലൈനുകളില്‍ നിന്ന് അകലം പാലിക്കണം. ഒഴുകിപ്പോകുന്ന വസ്തുക്കള്‍ പിടിക്കാന്‍ ശ്രമിക്കുകയോ, പുറകെ പോകുകയോ അരുത്. വെള്ളക്കെട്ടുകളിലൂടെയുള്ള വാഹനം ഓടിക്കലും നടത്തവും വേണ്ട.
ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതാണ് അതിശക്തമായ മഴ. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ നാളെയും തിങ്കളാഴ്ചയും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കയ്പമംഗലം (തൃശൂർ): കനത്ത മഴയിൽ ശ്രീനാരായണപുരം പോഴങ്കാവിൽ റോഡരികിലെ മരംവീണ് സ്കൂട്ടർയാത്രികൻ മരിച്ചു.
വെള്ളാങ്കല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ നന്പൂതിരി (60) ആണ് മരിച്ചത്. എസ്എന്‍ പുരത്തുള്ള കുടുംബക്ഷേത്രത്തിലെ ശാന്തിക്കാരനാണ്.
ഇന്നലെ രാവിലെ ഒന്‍പതരയോടെ എസ്എൻ പുരം - പി. വെമ്പല്ലൂർ റോഡിൽ പോഴങ്കാവ് ഷാപ്പിനടുത്തുവച്ചായിരുന്നു അപകടം. മണികണ്ഠൻ സ്കൂട്ടറിൽ വന്നുകൊണ്ടിരിക്കെ റോഡരികിലെ വാകമരം കടപുഴകി ദേഹത്തേക്കു വീഴുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.
ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു പാറമേക്കാവ് ശാന്തിഘട്ടില്‍. ഭാര്യ: ശ്രീലത, മക്കള്‍: കൃഷ്ണപ്രസാദ്, അര്ജുന്പ്രസാദ്.
Kerala
ഇടുക്കി: അടിമാലിയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്.
വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകളെല്ലാം വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കനത്ത മഴയിൽ കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ യുബിഎംസി സ്കൂൾ വളപ്പിനോട് ചേർന്ന മതിൽക്കെട്ട് ഇടിഞ്ഞു താണു.
സ്കൂൾ കുട്ടികളുൾപ്പെടെ ഉപയോഗിക്കുന്ന വഴിയിലാണ് കോൺക്രീറ്റ് ഭീമും ഉരുളൻ കല്ലുകളും ഉൾപ്പെടെ നിലം പതിച്ചത്. ആരും കടന്നുപോകാത്ത സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
Kerala
കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. മേപ്പാടിയിൽ കർശന നിയന്ത്രണമേർപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ജൂൺ ആറ്, ഏഴ് തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്നും മേപ്പാടി പരിധിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് സമ്പൂർണ്ണ നിരോധനവും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്.റിസോർട്ടുകളും ഹോംസ്റ്റേകളും സർവീസ് വില്ലകളും പ്രവർത്തിപ്പിക്കരുതെന്നും നിർദേശം നൽകി.
റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കർശന നിരീക്ഷണം വേണമെന്നാണ് നിർദേശം. എല്ലാ വകുപ്പിലെയും ജില്ലാ മേധാവിമാരോട് ജില്ലയിൽ തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
Kerala
കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർമാരാണ് അവധി പ്രപ്യാപിച്ചത്.
കാസർഗോഡും, കോഴിക്കോടും അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
രണ്ട് ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം, വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
District News
ചെറുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും ചെറുപുഴ പഞ്ചായത്തിൽ കനത്ത നാശനഷ്ടം. കെട്ടുകളും മതിലുകളും ഇടിഞ്ഞുവീണു. റോഡിന്റെ വശങ്ങളും തകർന്നു. താത്ക്കാലിക പാലം ഒഴുകിപ്പോയി.
തിരുമേനി കോക്കടവിലെ ഇടത്തുണ്ടിയിൽ പ്രിൻസിന്റെ വീടിനോട് ചേർന്ന ചെങ്കൽകെട്ട് തകർന്നു വീണു. വീടിന്റെ പിന്നിലും വശങ്ങളിലുമുള്ള കെട്ടാണ് തകർന്നത്. പൈപ്പുകളും നശിച്ചു. പുതിയിടത്ത് മണിയുടെ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു. പോഴിമണ്ണിൽ ജയിംസ്, പുത്തൻപുരയ്ക്കൽ അനീഷ്, കൊയിലാണ്ടി ബെന്നി എന്നിവരുടെ കൽക്കെട്ടുകൾ തകർന്നു. വയലുങ്കൽ സോജന്റെ വൈദ്യുതോപകരണങ്ങൾ ഇടിമിന്നലിൽ നശിച്ചു. കോക്കടവ്-കൂലേരി കോൺക്രീറ്റ് റോഡിന്റെ വശങ്ങളും ഇടിഞ്ഞു.
കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ കനത്ത നാശനഷ്ടം മലയോരത്ത് ആശങ്ക പടർത്തി. തിരുമേനി തോട്ടിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ മുളപ്രയിലെ താത്കാലിക മുള പാലം ഒലിച്ചുപോയി. ഇതോടെ പാറോത്തുംനീർ ഭാഗത്തേക്ക് യാത്രാമാർഗമില്ലാതായി. മുളപ്ര - പാറോത്തുംനീർ റോഡിൽ ഇവിടെ പുതിയ കോൺക്രീറ്റ് പാലം പണിതു കൊണ്ടിരിക്കുകയാണ്.
ഇവിടെ മരങ്ങളും ചപ്പുചവറുകളും അടിഞ്ഞുകൂടിയത് നാട്ടുകാർ നീക്കം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പി.വി. വിജയൻ, അനീഷ് ആന്റണി എന്നിവർ നേതൃത്വം നൽകി. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ എന്നിവർ സ്ഥലം സന്ദർശിച്ചു.
Kerala
തിരുവനന്തപുരം: ശനിയാഴ്ച വരെ സംസ്ഥാന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കാണു സാധ്യത. ഇന്നു മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അടുത്ത 24 മണിക്കൂറിൽ ഏഴു മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ 11 മുതൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കുമാണു സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും ശനിയാഴ്ച വരെ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നു മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസവും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.
അതേസമയം കാലവർഷം അടുത്ത നാല് ദിവസത്തിനുള്ള കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മേയ് 30 മുതൽ ജൂൺ മൂന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദേശമുണ്ട്.
Kerala
തിരുവനന്തപുരം: കാലവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്നലെയും സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു.
വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.
കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെയും എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നലെ പെയ്ത മഴ:എറണാകുളം സൗത്ത് 10, കൊച്ചി ഒന്‍പത്, ചേര്‍ത്തല എട്ട്, മണ്ണാര്‍ക്കാട് നാല്, കോഴിക്കോട്, പൊന്നാനി, കായംകുളം മൂന്ന് സെന്റിമീറ്റര്‍ വീതം.
National
കോൽക്കത്ത: ബംഗാളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. എട്ട് പേരാണ് അപകടങ്ങളിൽ മരിച്ചത്. മണിക്കൂറിൽ 88 കിലോമീറ്റർ വേഗതയിലാണ് കൊടുങ്കാറ്റ് വീശിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരി നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
കോൽക്കത്തായിലെ സർക്കുലർ റെയിൽവേ ട്രാക്കിലേക്ക് വൈദ്യുതി ലൈനുമായി ഒടിഞ്ഞുവീണ മാവിനടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ചേത്ലയിൽ തകരാറിലായ കെട്ടിടത്തിന്റെ കൈവരി തകർന്നു വീണ് പ്രവീൺ കുമാർ എന്ന യുവാവ് മരിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങളും ചില്ലകളും ഒടിഞ്ഞുവീണുണ്ടായ നാല് അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മിഡ്നാപ്പൂരിൽ രണ്ട് വിദ്യാർഥികളും പുരുലിയയിൽ മൂന്ന് പേരും ഝാർഗ്രമിൽ ഒരാളും കൊടുങ്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു.
കോൽക്കത്തയിലും സാൾട്ട് ലേക്കിലുമായി 65- ൽ ആധികം മരങ്ങൾ കടപുഴകി വീഴുകയും 60- ൽ അധികം മരങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മൈതാൻ, രവീന്ദ്ര സരോവൻ പ്രദേശങ്ങളെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം കോൽക്കത്തായിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഒരു മണിക്കൂറോളം നിർത്തിവയ്ക്കേണ്ടി വന്നു. പത്തിലേറെ വിമാനങ്ങൾക്ക് ലാൻഡിംഗ് അനുമതി ലഭിക്കാതെ നഗരത്തിന് മുകളിൽ ഏറെ നേരം വട്ടമിട്ട് പറക്കേണ്ടി വന്നതായി അധികൃതർ പറഞ്ഞു.
അതേസമയം, കനത്ത മഴയെത്തുടർന്ന് നഗരത്തിലെ താപനിലയിൽ ഏഴ് ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടായി. ഒരു മണിക്കുറിൽ 40 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
National
ബംഗളൂരു: ശക്തമായ കാറ്റലും കനത്ത മഴയിലും ബംഗളൂരുവിൽ സ്വകാര്യ ക്ലബ്ബിന്റെ മതിൽ തകർന്നു വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഗംഗോണ്ടനഹള്ളി സ്വദേശി ശിവബൊരയ്യയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ ഹംപിനഗറിലെ വിജയനഗർ ക്ലബ്ബിന് സമീപം റോഡരികിൽ ഓട്ടോ പാർക്ക് ചെയ്ത് ഇരിക്കുകയായിരുന്നു ഇദ്ദേഹം. കനത്ത മഴക്കിടെ ക്ലബ്ബിന്റെ ഏഴ് അടി ഉയരമുള്ള മതിൽ തകർന്നു വീഴുകയായിരുന്നു.
പാർക്ക് ചെയ്തിരുന്ന ഓട്ടോയ്ക്കു മുകളിലേക്കാണ് മതിൽ പതിച്ചത്. ഇതോടെ ശിവബൊരയ്യ ഓട്ടോയ്ക്കുള്ളിൽ കുടുങ്ങി. തകർന്ന വാഹനത്തിനും അവശിഷ്ടങ്ങൾക്കും ഇടയിൽപ്പെട്ട് ഇദ്ദേഹം സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അവശിഷ്ടങ്ങൾ മാറ്റിയെങ്കിലും ശിവബൊരയ്യ നേരത്തെ തന്നെ മരണടഞ്ഞിരുന്നു.
ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മതിൽ തകരാൻ ഇടയാക്കിയ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
District News
കുളത്തൂപ്പുഴ: തിരുവനന്തപുരം -തെങ്കാശി റോഡില്‍ കുളത്തൂപ്പുഴ പഞ്ചായത്തിലെ കല്ലുവെട്ടാന്‍കുഴി തേക്കുംപറമ്പ് ജംഗ്ഷനു സമീപം കഴിഞ്ഞ ദിവസം രാവിലെ റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നു.
റോഡിന്റെ മധ്യഭാഗത്തായി വിള്ളല്‍ രൂപപ്പെടുകയും ചെയ്തു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ആളുകളാണ് റോഡിന്റെ വശം ഇടിഞ്ഞത് ശ്രദ്ധിച്ചത്.
അരികു ചേര്‍ന്ന് വാഹനങ്ങള്‍ പോകാതിരിക്കാന്‍ പ്രദേശത്ത് അപകടസൂചനയായി റോഡില്‍ കല്ലുകള്‍ വച്ച് ഗതാഗതം നിയന്ത്രിച്ചു. കുളത്തൂപ്പുഴ എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് ബാരിക്കേഡുകള്‍ നിരത്തി വാഹനങ്ങളെ ഒരു വശത്തുകൂടി കടത്തിവിട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ചൊവ്വാഴ്ച ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് ചൊവ്വാഴ്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാഴാഴ്ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കനത്ത മഴയ്ക്കും 40 മുതൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
District News
തൃപ്രയാർ: കനത്ത മഴയെത്തുടർന്ന് തൃപ്രയാർ ടെമ്പിൾ റോഡിലെ ഒട്ടേറെ കടകളിൽ വെള്ളംകയറി.
ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിലാണ് റോഡുകളിൽ വെള്ളം ഉയരുകയും ഇവ സമീപത്തെ കടകളിലേക്ക് ഒഴുകിയെത്തുകയും ചെയ്തത്. ഞായറാഴ്ച ആയതിനാൽ ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുന്നതിനാൽ ഇന്നു കടതുറന്നതിന് ശേഷമേ നഷ്ടത്തിന്റെ വ്യാപ്തി അറിയാനാകു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് രണ്ടുവർഷം പിന്നിട്ടിട്ടും ഇവിടത്തെ കാനകളുടെ നിർമാണം പൂർത്തിയാകാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷപം.
കാലവർഷം ശക്തമാകുന്നതോടെ കൂടുതൽ ദുരിതത്തിന് ഇടയാക്കുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.
കഴിഞ്ഞ സീസണിലും ഇവിടെ വെള്ളം കയറി ഒട്ടേറെ വ്യാപാരസ്ഥാപനങ്ങൾക്ക് നാശനഷ്ടം നേരിട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. 10 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ബാധകമാണ്. വരുന്ന അഞ്ചു ദിവസവും മഴ ശക്തമായി തുടരും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരള തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി രൂപപ്പെട്ടിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ, വടക്കൻ ജില്ലകളിലാണ് മഴ കനക്കുമെന്ന് റിപ്പോർട്ടുള്ളത്.
സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതായി സമുദ്രസ്ഥിതിപഠന ഗവേഷണ പഠനകേന്ദ്രം അറിയിക്കുന്നു. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഇതിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണുള്ളത്.
ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മേയ് 14 മുതൽ 16 വരെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
തെക്കുപടിഞ്ഞാറൻ ഉൾക്കടലിൽ ന്യൂനമർദം നിലനിൽക്കുന്നുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തിപ്പെടാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Kerala
കോഴിക്കോട്: ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ വൻ നാശനഷ്ടം. പേരാമ്പ്രയിലും നാദാപുരത്തും വളയത്തുമാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. പേരാമ്പ്രയില്‍ വീശിയടിച്ച കാറ്റില്‍ നിരവധി വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണു.
മരം വീണ് വൈദ്യുതി ബന്ധവും താറുമാറായി. റോഡില്‍ മരങ്ങള്‍ വീണതോടെ ഗതാഗത തടസം നേരിട്ടു. ഫയര്‍ഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചു മാറ്റി. കല്ലാച്ചി ടൗണില്‍ കടകളിലേക്ക് വെള്ളം കയറി. വെള്ളക്കെട്ട് കാരണം സംസ്ഥാന പാതയില്‍ ഗതാഗത തടസമുണ്ടായി.
നാദാപുരം വിലങ്ങാട് മേഖലയിലും ശക്തമായ മഴ പെയ്തു. താമരശേരി മലോരമേഖലയിലും മഴ ലഭിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാലുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും നാളെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്.
ഇന്നലെ പെയ്ത മഴ:
തലശേരി, കുപ്പാടി, വൈത്തിരി രണ്ട്, അമ്പലവയല്‍, കരിപ്പൂര്‍ ഒരു സെന്റിമീറ്റര്‍ വീതം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഏഴു ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ നാളെയും എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ എഴ് മുതല്‍ 11 സെന്റി മീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പകല്‍ താപനിലയില്‍ ശരാശരിയില്‍ നിന്ന് മൂന്ന് മുതല്‍ നാല് ഡിഗ്രി വരെയുള്ള വര്‍ധനവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷസ് വരെയും കൊല്ലത്ത് 39 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലഖില് 37 ഡിഗ്രി വരെയും തിരുവനന്തപുരത്ത് 36 ഡിഗ്രി വരെയും ചൂട് അനുഭവപ്പെട്ടേക്കും. അതിനാല്‍ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
അതേസമയം നാളെ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നാളെയും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
National
ദിസ്പൂർ: ആസാമിലെ ഗുവാഹത്തിലുണ്ടായ കനത്ത മഴയെ തുടർന്ന് റോഡരികിലെ തുറന്നുകിടന്ന ഓടയിൽ വീണ് യുവതി മരിച്ചു. പായൽ നാത് എന്ന യുവതിയാണ് മരിച്ചത്. നഗത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലായിരുന്നു സംഭവം.
പായൽ നടപ്പാതയ്ക്കരികിലുള്ള ഓടയിൽ അബദ്ധത്തിൽ തെന്നി വീഴുകയായിരുന്നു. തുടർന്ന് പോലീസും സംസ്ഥാന ദുരന്തനിവാരണ സേനയും നാല് മണിക്കൂർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അപകടം നടന്ന് 150 മീറ്റർ അകലെ മറ്റൊരു ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പായലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴയെത്തുടന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം ഗുവാഹത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
Sports
ഗോഹട്ടി: ഐപിഎല്ലിലെ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്. ഗോഹട്ടിയിലെ ബാരാസ്പര സ്റ്റേഡിയമാണ് വേദി.
സൺറൈസേഴ്സ് ഹൈദരാബാദിനേയും ചെന്നൈ സൂപ്പർ കിംഗ്സിനെയും തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എത്തുന്നത്. വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് എന്നിവരിലാണ് ആർസിബിയുടെ പ്രതീക്ഷ.
വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരാണ് രാജസ്ഥാന്റെ കരുത്ത്. പോയിന്റ് പട്ടികയിൽ രാജസ്ഥാന് ഒന്നാമതും ബംഗളൂരു മൂന്നാമതുമാണ്.
Kerala
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ വരുന്ന എട്ടുവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ആറു വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഏപ്രിൽ ഏഴിനും എട്ടിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലും ഏപ്രിൽ ആറിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.